- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറ അപകടം: കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പി. രാജീവ്; അപകട സ്ഥലം സന്ദർശിച്ചു മന്ത്രി
കൊച്ചി: തൃപ്പൂണിത്തുറയിൽ അനധികൃത പടക്കപ്പുരക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് സാമഗ്രികൾക്ക് തീ പിടിച്ച് സ്ഫോടനം നടന്ന സ്ഥലവും പരിസരവും നാശനഷ്ടം സംഭവിച്ച വീടുകളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗൗരവമായ നിയമലംഘനമാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചത്. യാതൊരുവിധ അനുമതിയും ഇല്ലാതെ നിയമ വിരുദ്ധമായാണ് സംഭവത്തിന് ആധാരമായ വസ്തുക്കൾ സ്ഥലത്ത് എത്തിച്ചത്. നിയമപരമായ പരിശോധന സർക്കാർ നടത്തുന്നുണ്ട്. അന്വേഷണം കൃത്യമായി മുന്നോട്ടു പോകുകയും കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നാശനഷ്ടങ്ങൾ കണക്കാക്കി കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാകും. അതനുസരിച്ച് മുൻകാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ജനങ്ങൾക്ക് അനുകൂലമായി തീരുമാനമെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെ തുടർന്ന് പരിസരത്തെ ജനങ്ങൾ ആശങ്കാകുലരാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് കൗൺസിലിങ് നൽകുന്നുണ്ട്. അന്വേഷണശേഷം ലഭ്യമാകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫോർട്ട്‌കൊച്ചി സബ് കലക്ടർ കെ.മീര, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ