തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടിപ്പര്‍ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ച് കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ നടപടി. ലോറി ഡ്രൈവറുടെ ലൈസന്‍സ് എന്‍ഫോസ്‌മെന്റ് ആര്‍ടിഒ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആന്റണി തോമസിന്റെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. മറ്റു റോഡ് ഉപഭോക്താക്കാളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പുറകോട്ട് ഓടിച്ചതിനാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ടോള്‍ ഗേറ്റിന് മുന്നിലെത്തിയ ടോറസ് ലോറിയുടെ ഫാസ്റ്റ് ടാഗില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നില്ല. വരി ഒഴിവാക്കി വണ്ടി ഒഴിച്ചിടുന്നതിനായി ലോറി ഡ്രൈവര്‍ അലക്ഷ്യമായി പിന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ടോറസ് ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നില്ല.

ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്ത് പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം പിന്നിലേക്ക് വലിച്ചുകൊണ്ടു പോകുകയായിരുന്നു.കാര്‍ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് നടപടി.