കണ്ണൂർ:ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ചെക്കിക്കുളത്ത് ഇന്നോവകാറിലെത്തി സ്‌കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ അഞ്ചു പേർ അറസ്റ്റിൽ.

കാസർഗോഡ് ജില്ലയിലെ പാണത്തൂർ സ്വദേശികളായ എസ്.കെ.റിയാസ്, ജോബി ഷ്, എസ്.കെ.ഷമ്മാസ് ,എസ് കെഅമർ, ഉനീസ്, അൻസാരി എന്നിവരെയാണ് ചക്കരക്കൽ എസ്‌ഐ.എം.സി.പവനനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂർ ജില്ലയിലെ മുണ്ടേരി സ്വദേശി ഇ.പി. സുറൂറിനെ (42)യാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്.ചൊവ്വാഴ്ച രാവിലെ മുണ്ടേരി ചെക്കിക്കുളത്തിനടുത്തുള്ള കൈപ്പക്കയിൽ മൊട്ടയിൽ വച്ചായിരുന്നു സംഭവം.

പരാതിക്കാരൻ ഇടനിലക്കാരനായി നിന്ന് നവാസ് എന്നയാളുടെ കെ. എൽ.59. എ.ഡി.137 നമ്പർ ലോറി2,40,000 രൂപക്ക് പ്രതിഫലം പറ്റി ഒന്നാം പ്രതിയായ എസ്.കെ. റിയാസിന് നടത്തിപ്പിന് നൽകിയിരുന്നു. എന്നാൽ പെർമിറ്റ് കാലാവധി കഴിഞ്ഞതിനാൽ ഉടമ പുതുക്കി നൽകാത്ത വിരോധത്തിലാണ് പ്രതികൾ പരാതിക്കാരനായ സൂറു റിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്.

കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം കത്തികാണിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.