പന്തളം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കെ പന്തളം നഗരസഭയുടെ വെല്‍നെസ് സെന്ററില്‍ കേക്ക് മുറിച്ച് വാര്‍ഷികാഘോഷം. ചൊവ്വാഴ്ച വൈകീട്ടാണ് മുടിയൂര്‍ക്കോണത്തുള്ള വെല്‍നെസ് സെന്ററില്‍ കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തും ആഘോഷം നടത്തിയത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും വെല്‍നെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി, ദേശീയ പതാകയും താഴ്ത്തിക്കെട്ടിയശേഷമാണ് വെല്‍നെസ് സെന്ററിന്റെ വാര്‍ഷികാഘോഷം നടത്തിയത്. ദു:ഖാചരണം അറിഞ്ഞതിനാല്‍ ഭരണകക്ഷിയിലെ മറ്റ് അംഗങ്ങളും കൗണ്‍സിലര്‍മാരും ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു. ചൊവ്വാഴ്ച മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ദുഃഖാചരണം.