കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കുമെന്ന് പൊലീസ്. എന്നാൽ, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹർജി ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കോടതി നിർദേശപ്രകാരമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ. ഫോറൻസ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചാൽ കുറ്റപത്രം നൽകാനാകുമെന്നാണ് പൊലീസ് നിലപാട്.

ഇതിനിടെ, മൊഴി മാറ്റിപ്പറഞ്ഞ പരാതിക്കാരി ഡൽഹിയിലേക്ക് തിരിച്ചുപോയി. പരാതിക്കാരി തന്നെ മൊഴി മാറ്റിയതോടെയാണ് കേസ് വഴിത്തിരിവിലായത്. അതുകൊണ്ട് തന്നെ കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസിന് സംശയവുമുണ്ട്. അടുത്തയാഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ, മൊഴി മാറ്റിയ പരാതിക്കാരിയുടെ പിന്തുണയോടെ കേസ് തന്നെ റദ്ദാക്കാൻ പ്രതിഭാഗം നൽകിയ അപേക്ഷ ഹൈക്കോടതി ഉടൻ പരിഗണിക്കുമെന്നും സൂചനയുണ്ട്.

കോടതി നിർദേശപ്രകാരമായിരിക്കും പിന്നീടുള്ള തുടർ നടപടികൾ. കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും മൊഴികളും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. ഭർത്താവ് ഉപദ്രവിച്ചു എന്ന് പെൺകുട്ടി മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറഞ്ഞ വീഡിയോയുടെ പകർപ്പ് ഉൾപ്പെടെയുള്ളവയും മറ്റ് ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അറിയിച്ച യുവതി ഡൽഹിയിലേക്ക് തിരിച്ചുപോയി. കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ് യുവതിയെ നെടുമ്പാശ്ശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.