മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ ഒളിവിൽ പോയിരുന്ന നാലാമനും പിടിയിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം തീരത്തെ നാക്കടിയൻ അബ്ദുൽ നാസർ ( 48) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. കേസിലെ മൂന്നുപ്രതികൾ നേരത്തെ പൊലീസ് പിടിയിലായിരുന്നു.

ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19കാരിയായ ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനിയാണ് പരപ്പനങ്ങാടിയിൽവെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായത്. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ, ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ മുനീർ എന്നിവരെ പേരാമ്പ്ര പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലുപേർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണു പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.

സംഘത്തിൽ ഇനിയുമൊരാൾ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് കേസ് കോഴിക്കോട് നിന്നും മലപ്പുറത്തിന് കൈമാറിയതിനെ തുടർന്ന് പരപ്പനങ്ങാടി എസ് എച്ച്. ഒ കെ.ജെ ജിനേഷിനെ അന്വേഷണ ചുമതലയേൽപ്പിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചു തൊട്ടടുത്ത ദിവസം പ്രതിയെ പരപ്പനങ്ങാടി പൊലിസ് പിടികൂടികൂടി. ഇയാളെ പിടികൂടിയ പൊലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ അജീഷ് .കെ .ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ സനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ മുജീബ് റഹ്‌മാൻ, രഞ്ജിത്ത്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത് ഭാര്യയും കുട്ടികളുമുള്ള കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച പെൺകുട്ടിയെ ഇരുവരും ക്രൂരമായി ബലാൽസംഗം ചെയ്യുകയുമായിരുന്നു. ശേഷം കെട്ടുങ്ങൽ സ്വദേശി സഹീറും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി. അവശയായ പെൺകുട്ടിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരം ട്രെയിനിൽ കയറ്റി വിടുകയായിരുന്നു.

ഒരാഴ്ച മുമ്പ് പേരാമ്പ്രയിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസർഗോഡ് നിന്നും കണ്ടെത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രജീഷ് രാത്രി കാലങ്ങളിൽ പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കവേ രണ്ട് വർഷം മുമ്പ് ടൂറിസ്റ്റ് ബസ്സിൽ നിന്നും താഴെ വീണ കുട്ടിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായ ആളുമാണ്. പേരാമ്പ്ര സിഐ ബിനുതോമസ്, എഎസ്ഐ ശ്രീജിത്ത്, ഹെഡ്‌കോൺസ്റ്റബിൾ റിയാസ്, വിനീഷ്, വനിതാപൊലീസുകാരി റീഷ്മ. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടന്നത്