കൊച്ചി: തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ചെരിഞ്ഞിരുന്നു. ഈ ജഡത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയെന്നാണ് ആനിമൽ ലീഗൽ ഫോഴ്സ് പരാതി നൽകിയിരിക്കുന്നത്. ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായരാണ് പരാതിക്കാരൻ.

വന്യജീവികളുടെ ജഡമോ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടൽ പരിധിയിൽ ഉൾപ്പെടുത്തുന്നതായുമാണ് വനം മന്ത്രലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

മൂന്നുമുതൽ ഏഴു വർഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർ ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.തികച്ചും പ്രാകൃതവും കിരാതവുമായ പ്രവൃത്തി തങ്ങളുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രലയം 2014 ൽ പുറപ്പെടുവിച്ച ഉത്തരവിനെ തകിടംമറിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.