കണ്ണൂർ : ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ലെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ല. സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോൺഗ്രസിലുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാ അമ്പലതലങ്ങളിലും അയോദ്ധ്യ സമയത്ത് പൂജ നടന്നില്ലേ. സംഘപരിവാർ കാഴ്ചപ്പാട് ചർച്ച ചെയ്യാനാണ് പാർലമെന്റ് ഒരു ദിവസം നീട്ടിയത്. സിപിഎം ബഹിഷ്‌കരിച്ചു, എന്തേ കോൺഗ്രസ് പറയാതിരുന്നതെന്ന് പിണറായി ചോദിച്ചു.

'അയോധ്യയുടെ മറുവശം കോൺഗ്രസ് മറക്കുന്നത് എന്താണ്? യുസിസിയിൽ കോൺഗ്രസിന് നിലപാടില്ല. വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അയോദ്ധ്യയിൽ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുൽ രാമക്ഷേത്രത്തിൽ ധ്യാനം നടത്താൻ സമരം ചെയ്യുന്നു. അതിന്റെ സന്ദേശം എന്താണെന്നും പിണറായി ചോദിച്ചു. ഭയത്തിലും അങ്കലാപ്പിലും ജീവിക്കുന്ന വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്നതാണോ കോൺഗ്രസ് നിലപാട്''?

'ഇടതുപക്ഷത്തിന് നിലപാടുണ്ട്. അതാണ് പ്രസക്തി. ഒരു വിഭാഗത്തിൽ ജനിച്ചുപോയെന്ന് കരുതി അവർ ഭീതിയിൽ കഴിയണോ.അവർക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയണം. അതിന് തടസ്സമുണ്ടാകുമ്പോൾ ചോദ്യം ചെയ്യാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. കേരള വിരുദ്ധ വികാരം കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിനു വേണ്ടി അവർ ന്യായങ്ങൾ കണ്ടെത്തുന്നു. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിലെ ഒരു എംപിയും ശബ്ദിച്ചില്ല. ഇടതുപക്ഷം ഇല്ലാതിരുന്നതുകൊണ്ടുള്ള ഗതികേടാണിത്. തെറ്റിനെ ചോദ്യം ചെയ്യലാണ് വേണ്ടത്. ഇടതുപക്ഷം ഇല്ലാത്തതിന്റെ ദൂഷ്യം നമ്മൾ അനുഭവിച്ചു''. ഇത് തെരഞ്ഞെടുപ്പിൽ നമുക്ക് പാഠമാണെന്നും പിണറായി ചുണ്ടിക്കാട്ടി.