ആലപ്പുഴ: മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ ഉയർത്തിയ ആരോപണത്തോട് പ്രതികിരച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് 2012 ൽ യു.ഡി.എഫ് ഭരണകാലത്ത് അനുമതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മണൽ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു പ്രസ്തുത അനുമതി നൽകിയത്. മണൽ നീക്കം ചെയ്തില്ലെങ്കിൽ കുട്ടനാട്ടിൽ വൻതോതിൽ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐ.ഐ.ടി യുടെ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ഉത്തരവ്.

പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേർന്ന് മണൽ നീക്കം ചെയ്യാനാണ് ഐ.ആർ.ഇ.എൽ ന് അനുമതി നൽകിയത്. എന്നാൽ പഞ്ചായത്തുമായി ധാരണയിലെത്താത്തതിനാൽ പ്രസ്തുത പ്രവർത്തി നടന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് തന്നെ വീണ്ടും തോട്ടപ്പള്ളി ഫിഷിങ് ഹാർബറിൽ ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ട ധാതു കലർന്ന 46000 ക്യുബിക് മീറ്റർ മണ്ണ് ഐ.ആർ.ഇ.എൽ ന് അനുവദിച്ചുനൽകിയിരുന്നു. പിന്നീട് 72000 ക്യുബിക് മീറ്റർ മണൽ കൂടി വേണമെന്ന് ഐ.ആർ.ഇ.എൽ ആവശ്യപ്പെട്ടതിനെ തുടർന്ന ജി.ഒ(ആർ.ടി) നമ്പർ. 657/2015/ എഫ് ആൻഡ് പി പ്രകാരം അനുമതി നൽകി. 25.04.2016 ലെ ജി.ഒ(ആർ.ടി) നമ്പർ.296/2016/ എഫ് ആൻഡ് പി ഉത്തരവിൽ ഐ.ആർ.ഇ.എൽ സ്വന്തം ചെലവിൽ ഡ്രെഡ്ജിങ് നടത്തി സൂക്ഷിച്ചിരുന്ന 85000 ക്യുബിക് ലിറ്റർ മണൽ കൂടി ഐ.ആർ.ഇ.എൽ ന് നൽകിയിട്ടുണ്ട്.

കുട്ടനാട്ടിലെ മഴക്കാലത്തുള്ള വെള്ളപ്പൊക്ക നിവാരണത്തിന് വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയമിച്ച എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട്, ഐ.ഐ.ടി ചെന്നൈയുടെ പഠന റിപ്പോർട്ട്, യുണൈറ്റ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമുമായി (ഐ.യു.എൻ.ഇ.പി) ചേർന്നുള്ള പ്രളയ സാധ്യതാ അവലോകനം, ലോക ബാങ്ക് സഹായത്തോടുകൂടി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നടത്തിയ അവലോകനം, ഇവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്.

കുട്ടനാട്ടിലെ പ്രളയ ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിയിൽ മണൽ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ സർക്കാരിൽ ശിപാർശ സമർപ്പിക്കുകയുണ്ടായി. തുടർന്ന് വിവിധ വശങ്ങൾ പരിശോധിച്ച ശേഷം 31.05.2019 ലെ ജി.ഒ(ആർ.ടി) നമ്പർ.385/2019/ ഡബ്ല്യൂ.ആർ.ഡി ഉത്തരവ് മണൽ നീക്കം ചെയ്യാൻ കെ.എം.എം.എൽ ന് അനുമതി നൽകി. ഇതിനായി കെ.എം.എം.എല്ലുമായി ധാരണാപത്രം ഒപ്പിടാൻ ചീഫ് എഞ്ചിനീയർക്ക് (ഇറിഗേഷൻ & അഡ്‌മിനിസ്‌ട്രേഷൻ) നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഘനമീറ്ററിന് നിശ്ചയിച്ച 464 രൂപ 55 പൈസ എന്ന നിരക്ക് മൂന്ന് മാസത്തിനു ശേഷം പുനർനിർണ്ണയിക്കണമെന്നും ഉത്തരവിൽ വ്യക്തിമാക്കിയിരുന്നു.

ഇതനുസരിച്ച് നിരക്ക് 900 രൂപയായി പുനർനിർണ്ണയിച്ച് 03.12.2022 ൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ധാതുക്കൾ നീക്കം ചെയ്ത മണൽ കടൽത്തീര സംരക്ഷണത്തിനായി നിശ്ചിത സ്ഥലങ്ങളിൽ തിരികെ നിക്ഷേപിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് കാലാകാലങ്ങളിൽ പുനഃപരിശോധിച്ച് പുതുക്കി നൽകുന്ന രീതിയാണ് ജലസേചന വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒരു സ്വകാര്യ കമ്പനികൾക്കും ഇത്തരത്തിൽ മണൽ നൽകുന്നില്ല.

തോട്ടപ്പള്ളി സ്പിൽവേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ആർ.ഇ.എൽ ന് അനുമതി നൽകി 06.08.2018 ലെ ജി.ഒ(ആർ.ടി)നമ്പർ. 645/2018/എഫ്.ആൻഡ്.പി ജി.ഒ(ആർ.ടി)നമ്പർ.385/2019/ഡബ്ല്യു.ആർ.ഡി 31.05.2019 എന്നിവ പ്രകാരം ഉത്തരവ് നൽകിയിട്ടുണ്ട്. ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.