കൊച്ചി: കുറ്റകൃത്യങ്ങൾ നേരിടുന്നതിലും വിചാരണ വേഗം പൂർത്തിയാക്കി നീതി ഉറപ്പാക്കുന്നതിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാനിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷൻ അക്കാദമിയുടെയും ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റകൃത്യം നടന്നു 100 ദിവസത്തിനകം തന്നെ അന്വേഷണവും വിചാരണയും പൂർത്തിയാക്കി കുറ്റവാളിയെ ജയിലിൽ അടച്ച അനുഭവം അടുത്തകാലത്ത് നമ്മുടെ സംസ്ഥാനത്തുണ്ടായി.

ഹീനമായ പല കുറ്റകൃത്യങ്ങളുടെ പല കേസുകളിലും അതിവേഗത്തിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കാൻ കഴിഞ്ഞതുമൂലം പ്രതികൾ ജാമ്യം എടുത്തു പുറത്തിറങ്ങി വിചാരണയെ തടസ്സപ്പെടുത്തുന്നതും സാക്ഷികളെ സ്വാധീനിക്കുന്നതും ഒഴിവാക്കാൻ കഴിഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ വാങ്ങികൊടുക്കുകയും മറ്റുനിയമ നടപടികൾക്ക് വിധേയമാക്കുകയും ചെയ്ത് നിയമവാഴ്ച ഉറപ്പാക്കുക സർക്കാരിന്റെ ചുമതലയാണ്.

കുറ്റമറ്റ പൊലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങൾ നിലനിന്നെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ. പൊലീസും, പ്രോസിക്യൂഷനും പല മേഖലകളിലും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെങ്കിലും ഇവ തമ്മിൽ വ്യക്തമായ പ്രവർത്തന വേർതിരിവ് ഉണ്ടാകേണ്ടത് ഭരണഘടനാ സങ്കൽപ്പങ്ങളുടെയും രാജ്യത്തു നിലവിലിരിക്കുന്ന ക്രിമിനൽ നീതി നിർവ്വഹണ സംവിധാനത്തിന്റെയും നിലനിൽപ്പിന് ആവശ്യമാണ്.

കുറ്റകൃത്യം അന്വേഷിക്കുന്ന പൊലീസ് തന്നെ പ്രോസിക്യൂഷൻ നടത്തുക എന്ന പഴയ രീതി ഇല്ലാതായത് 1973 ലെ ക്രിമിനൽ നടപടി നിയമം നിലവിൽ വന്നതോടെയാണ്. 2000 ൽ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് പ്രോസിക്യൂഷൻ ഡയറക്ടറേറ്റ് എന്ന ആശയം നടപ്പിലാക്കിയത്. ഇന്ന് നമ്മുടെ സംസ്ഥാനത്തെ പ്രോസിക്യൂഷൻ സംവിധാനം മറ്റു ഏതു സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ് മുഖ്യമന്ത്രി പറഞ്ഞു.