തൃശൂർ:പൊലീസുകാർ ചങ്ങാത്തം കൂടുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോട് ചങ്ങാത്തം കൂടണം, ആരോട് കൂടരുത് എന്നതിൽ തികഞ്ഞ ജാഗ്രത വേണം മുഖ്യമന്ത്രി പറഞ്ഞു. പ്രവർത്തനം സുതാര്യം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന സിപിഒമാരുടെ പാസിങ് ഔട്ട് പരേഡിൽ സെല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിനു പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം ജി സാബുവിനെ സസ്പെന്റ് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

തൃശൂരിലെ കേരള പൊലീസ് അക്കാദമിയിയിൽ നിന്നും 448 പേരാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. പൊലീസ് സേനയിൽ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവർക്ക് സേനയ്ക്കുള്ളിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതിനും സർക്കാർ പ്രതിജ്ഞാ ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംഫിലും, എം ടെക്കും, ബിടെക്കും ഉൾപ്പെടെ ഉന്നത ബിരുദങ്ങൾ നേടിയ നിരവധി പേർ പുതിയ ബാച്ചിലുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി പി വിജയൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.