മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിൽനിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകൻ ടി.പി.ഹരീന്ദ്രന്റെ ആരോപണത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

''മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. മൂന്നുനാല് പേരുകളുണ്ട്. സത്യമെന്തെന്ന് വഴിയെ അറിയട്ടെ. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. സുധാകരന്റെ പ്രതികരണത്തിലുണ്ടായ പ്രശ്‌നം അദ്ദേഹം തന്നെ വിശദീകരിച്ചു. ഈ കേസ് ഞാൻ വിടുന്ന പ്രശ്‌നമില്ല. നിയമപരമായി നേരിടും'' അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഡ്വ ഹരീന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമെന്ന് അന്നത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പി പി സുകുമാരൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി കേസ് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല. ടി പി ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നിൽ ആരെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു