- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ശശിയുടെയും എം ആര്‍ അജിത് കുമാറിന്റെയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കണമെന്ന് കോടതി
പി ശശിയുടെയും എം ആര്‍ അജിത് കുമാറിന്റെയും സ്വത്തുവിവരം അന്വേഷിക്കണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം.ആര്‍.അജിത് കുമാറിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ഹര്‍ജി. ഹര്‍ജിയില്‍, സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയുടേതാണുത്തരവ്. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി.
അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുത്തരവ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഒക്ടോബര്‍ 1ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു.
സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍, സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാര്‍ പി.ശശിയെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്. പി.സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.