മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ മലപ്പുറം വനിതാസെൽ പൊലീസ് അറസ്റ്റു ചെയ്ത പിതാവിനെ കോടതി റിമാന്റു ചെയ്തു. 16കാരിയായ മകൾ നൽകിയ പരാതിയിലാണ് 45കാരനായ പിതാവിനെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

ഇക്കഴിഞ്ഞ 19ന് വൈകീട്ട് ആറു മണിക്ക് ഇവർ താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. താൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയം മലപ്പുറം ഗസ്റ്റ് ഹൗസിന്റെ മുന്നിലെ കെട്ടിടത്തിന് പിന്നിൽ വെച്ചും പിതാവ് തന്നെ പീഡനത്തിന് വിധേയയാക്കിയതായി കുട്ടിയുടെ പരാതിയിൽ പറയുന്നു. പിതാവ് കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചതായും പരാതിയുണ്ട്.

പീഡന വിവരം കുട്ടി കൂട്ടുകാരിയോടും അദ്ധ്യാപികയോടും വെളിപ്പെടുത്തിയതോടെ സ്‌കൂൾ അധികൃതർ ഇമെയിൽ മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു. മലപ്പുറം വനിതാസെൽ പൊലീസ് ഇൻസ്‌പെക്ടർ റസിയ ബംഗാളത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിക്ക് പുറമെ പ്രതിക്ക് വിവാഹിതയായ മകളും ഒമ്പത്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളുമുണ്ട്.