മലപ്പുറം: പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളുടെ പരാതിയിൽ പൂക്കോട്ടുംപാടത്ത് സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കരുളായി കൊയലമുണ്ട സ്വദേശി കാപ്പിൽ വീട്ടിൽ ഹംസയെ(55)യാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് ഹംസ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം നടത്തിയ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയത്. ഹംസക്കെതിരെ മൂന്നു വിദ്യാർത്ഥികൾ പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതോടെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതേ സമയം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തയാളുടെ ഫോട്ടോയോ മറ്റ് വിവരങ്ങളോ നൽകാൻ പൂക്കോട്ടുംപാടം പൊലീസ് തയ്യാറായില്ലെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൂക്കോട്ടുംപാടം പൊലീസ് സ്വീകരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതുകൊണ്ടു ഇരകളെ തിരിച്ചറിയാനുള്ള സാധ്യത ഒന്നും തന്നെ ഇല്ലെന്നിരിക്കെ കേസിൽ പൊലീസ് ഒളിച്ചുകളിക്കുന്നതായാണ് മേഖലയിലെ മാധ്യമ പ്രവർത്തകർ ആരോപിക്കുന്നത്.

ഉന്നത പൊലീസ് വൃത്തങ്ങളെ വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും ലഭിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ സ്റ്റേഷനിൽ വിളിക്കുമ്പോൾ സിഐയുടെ അനുമതി വേണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും സിഐയെ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ മുങ്ങുകയാണെന്നും മാധ്യമ പ്രവർത്തകർ ആരോപിച്ചു. അതേ സമയം സമാനമായി മേഖലയിൽ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും സിഐക്കെതിരെ മാധ്യമ പ്രവർത്തകർ പരാതികൾ ഉന്നയിച്ചിരുന്നു. പ്രതികളുടെ വിവരങ്ങൾ കൈമാറാൻ പൊലീസ് മടിക്കുകയാണെന്നും ഇതിന് പിന്നിൽ മറ്റു ഗൂഡലക്ഷ്യങ്ങൾ ഉണ്ടോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.