മലപ്പുറം: 11കാരിയെ പീഡിപ്പിച്ച 38കാരന് 80 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും. പോക്‌സോ അതിവേഗ കോടതിയിൽ ട്രയൽ പൂർത്തിയാക്കിയത് റെക്കോഡ് വേഗതയിൽ. അതും ഒരു വർഷംകൊണ്ട്. മഞ്ചേരി സ്വദേശിയായ നൗഫൽ എന്ന മുന്ന (38) എന്നയാളെയാണ് മഞ്ചേരി സ്പെഷ്യൽ ഫസ്റ്റ് കോടതി ജഡ്ജി രാജേഷ് 80 വർഷം തടവിനും 3 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്.

2021 ജൂൺ മാസത്തിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നിർദ്ദേശപ്രകാരം ഈ കേസിലെ പ്രതിയെ കസ്റ്റഡി കാലയളവിൽ തന്നെ വിചാരണ പൂർത്തിയാക്കുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

തുടർന്ന് പ്രതിയുടെ വിചാരണ കസ്റ്റഡി കാലയളവിൽ തന്നെ പൂർത്തിയാക്കുകയും പ്രതിയെ കോടതി ശിക്ഷിക്കുകയും ആയിരുന്നു . മലപ്പുറം ജില്ലയിൽ തന്നെ ആദ്യമായാണ് ഒരു പ്രതിയെ കസ്റ്റഡിയിൽ കാലയളവിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നത്. 2021 ഏപ്രിൽ 19 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി അതിജീവിതയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ്. കുട്ടിയുടെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയാണ് ആദ്യം പ്രതി കുട്ടിയെ ബലാൽസംഗം ചെയ്തത്. പിന്നീട് പലതവണ ആവർത്തിച്ചു.മറ്റൊരു ദിവസം പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. കുട്ടിയുടെ പിതൃ സഹോദരന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്തു കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.

പകൽ സമയങ്ങളിൽ കുട്ടി അസാധാരണമായി ഉറങ്ങുന്നതും പലപ്പോഴും തനിച്ചിരുന്ന് അലോചനയിൽ മുഴുകുന്നതും ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാതാവ് കുട്ടിയെ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ പി അഭിലാഷാണ് 2021 ജൂൺ ആറിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തിയതും. പിന്നീട് പൊലീസ് ഇൻസ്‌പെക്ടറായി എത്തിയ സി അലവി തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഈ കേസിന്റെ അന്വേഷണത്തിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹരിലാൽ പി അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സോമ സുന്ദരം ഹാജരായി സൽമ എസ് സി പി ഒ ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു

അതേ സമയം കേസിൽ മഞ്ചേരി പോക്‌സോ അതിവേഗ കോടതിയിൽ ട്രയൽ പൂർത്തിയാക്കിയത് റെക്കോർഡ് വേഗതയിലാണ്. 2021 ജൂൺ 11നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പ്രതി ഇരയെയും പരാതിക്കാരെയും സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ചു പൊലീസ് നൽകിയ ഹരജിയെ തുടർന്ന് നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇൻസ്‌പെക്ടർ കെ പി അഭിലാഷിന്റെ അന്വേഷണ മികവും പിന്നീട് സി ഐ സി അലവി സമർപ്പിച്ച പഴുതടച്ച കുറ്റപത്രവും കേസിന്റെ വേഗതക്ക് ആക്കം കൂട്ടി. 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച പ്രോസിക്യൂഷൻ 35 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി.