മലപ്പുറം: താൻ തങ്ങൾ കുടുംബത്തിലെ ആളേന്ന അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ വ്യാജസിദ്ധൻ അറസ്റ്റിൽ. തനിക്ക് പല അദ്ഭുത സിദ്ധികളും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്നും അസുഖങ്ങൾ മാറ്റി നൽകാമെന്നും പറഞ്ഞു തട്ടിപ്പു നടത്തി വരികയായിരുന്നു 22വയസ്സുകാരൻ. താനൂർ ഓട്ടുമ്പുറം സ്വദേശി ചെറിയ മൊയ്തീൻ കാന കത്ത് ഹൗസ് മുഹമ്മദ് റാഫി(22)യെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

15വയസ്സുള്ള കുട്ടിയുടെ അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞ് പിതാവിനെ ബന്ധപ്പെടുകയും ഇതിന്റെ ചികിത്സക്കെന്നും പറഞ്ഞ് പിതാവിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ തവണകളായി വാങ്ങുകയും ചെയ്തതായാണ് പരാതി. പ്രതി സമാനമായി നേരത്തെയും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസ് പറഞ്ഞു. നേരത്തെ പൊലീസ് വേഷം ധരിച്ച് പൊലീസുകാരനാണെന്ന് പറഞ്ഞ് കടകളിലും മറ്റും കയറി പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു.

വിവിധ പേരുകളിൽ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് റാഫിയെ മുമ്പ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് വോളന്റീയർ, പൊലീസ് സ്‌ക്വാഡ്, ട്രോമ കെയർ എന്നിവ പറഞ്ഞു മലപ്പുറം, കോഴിക്കോട്് ജില്ലകളിലെ വിവിധ ആളുകളിൽനിന്നും കടകളിൽ നിന്നും പണം തട്ടിപ്പു നടത്തിയതിനാണു താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

സമാനമായി താനൂർ ചെനക്കലങ്ങാടി സ്വദേശിയായ മുഹമ്മദ് മുസാഫിർ എന്നയാളുടെ ഓട്ടോറിക്ഷ പൊലീസ് വളണ്ടിയർ ആണെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയി മലപ്പുറം, ഫറോക്ക് എന്നിവിടങ്ങളിൽ കറങ്ങി തിരിച്ചുവന്നു ഓട്ടോ ചാർജ് കൊടുക്കാതെ പറ്റിച്ചതിന് താനൂർ പൊലീസ് കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പല തട്ടിപ്പുകളും പുറത്തുവന്നത്. പ്രതി തങ്ങൾ കുടുംബത്തിലെ അംഗമാണെന്ന് പറഞ്ഞു പല കർമങ്ങൾ ചെയ്തും നേരത്തെയും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. അരീക്കോട് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.തിരൂരിലെ ഒരു കടയിൽ ഹാൻസ് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞു വന്ന ഇയാൾ പൊലീസ് സ്‌ക്വാഡ് ചമഞ്ഞും പണം തട്ടിയെടുത്തതിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു.