വട്ടപ്പാറ: ഇടുക്കിയിൽ പോക്‌സോ കേസിൽ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ചു കോടതി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂർത്തി ആകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31വർഷം കഠിന തടവും 45000/രൂപ പിഴയും കട്ടപ്പന പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. 2021ൽ ഉടുമ്പൻചോല പൊലീസ് രജിസ്റ്റ ചെയ്ത കേസിലാണ് ശിക്ഷ. പ്രതി ഒരു കുട്ടിയെ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം പ്രതിയുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.