തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതോടെ തിരുവനന്തപുരത്ത് രക്ഷാപ്രവർത്തനവുമായി പൊലീസുകാർ. വെള്ളം ഉയർന്നതിനെ തുടർന്ന് പുറത്തിറങ്ങാനാകാതിരുന്ന കിടപ്പുരോഗിയെ കൃത്യസമയത്ത് തന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്.

വലിയതുറ ടൈറ്റാനിയം ബാലനഗർ ഭാഗത്ത് പല വീടുകളിലും വെള്ളം കയറിയതോടെയാണ് വലിയതുറ എസ്.എച്ച്.ഒ ജി എസ്സ് രതീഷിന്റെ നേതൃത്വത്തിൽ പൊലീസുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇതിനിടെയാണ് വീടിനകത്തകപ്പെട്ട കിടപ്പുരോഗിയായ സ്ത്രീയെ ഇവർ കാണുന്നത്. ഉടനെ തന്നെ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ എസ്‌ഐ എസ് വി അജേഷ് കുമാർ മുന്നിട്ടിറങ്ങുകയായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ സന്ദർശനം നടത്തി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി , കെ രാജൻ, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്. ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 15 ക്യാമ്പുകൾ നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.