- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ ക്യൂആർ ബാൻഡ് സംവിധാനവുമായി പൊലീസ്

പത്തനംതിട്ട: തീർത്ഥാടന കാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വി യുടെ സഹകരണത്തോടെ ക്യൂ ആർ കോഡ് റിസ്റ്റ് ബാൻഡ് സംവിധാനമൊരുക്കി ജില്ലാ പൊലീസ്. തിരക്കിനിടയിൽ കുട്ടികളെ കാണാതാകുന്ന സാഹചര്യങ്ങളിൽ എത്രയും വേഗം കണ്ടെത്താൻ ഉപകരിക്കും വിധം ക്യൂ ആർ കോഡുള്ള റിസ്റ്റ് ബാൻഡ് വൊഡാഫോൺ ഐഡിയ കമ്പനി ജില്ലാ പൊലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി. വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കേരള സർക്കിൾ ഓപ്പറേഷൻസ് മേധാവിയും വൈസ് പ്രസിഡന്റുമായ ബിനു ജോസിന്റെ സാന്നിധ്യത്തിലാണ് ജില്ലാ പൊലീസ് മേധാവി ഇവ പുറത്തിറക്കിയത്.
തീർത്ഥാടനകാലത്ത് കുട്ടികൾ കാണാതാവുന്ന സങ്കീർണമായ സന്ദർഭങ്ങളിൽ അവരെ അതിവേഗം കണ്ടെത്തി ഉറ്റവരുടെ അടുത്തെത്തിക്കാൻ പൊലീസ് ഉണർന്നു പ്രവർത്തിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മനസിലാക്കി തീർത്ഥാടകരെ സുരക്ഷിതരാക്കാൻ ക്യുആർ കോഡ് സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ബാൻഡുകൾ തയാറാക്കിയത് ഏറെ ഉപകാരപ്രദമാണ്. ശബരിമലയിൽ എത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞവർഷം 50 ലക്ഷത്തിലധികം തീർത്ഥാടകാരാണ് എത്തിയത്, ഇതിൽ നാലു ലക്ഷത്തോളം കുട്ടികളുണ്ടായിരുന്നു. ഈ സീസണിൽ ഇതുവരെ 1,60,000 ആണ് കുട്ടികളുടെ എണ്ണം.
കമ്പനിയുടെ സ്റ്റാളുകളിൽ നിന്നും രക്ഷാകർത്താവിന്റെയോ കുടുംബാംഗങ്ങളുടേയോ മൊബൈൽ നമ്പർ നൽകി ക്യൂആർ കോഡ് സംവിധാനമുള്ള ബാൻഡിനായി രജിസ്റ്റർ ചെയ്യാം. കുട്ടികളുടെ കൈയിൽ ഇത് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്തുമ്പോൾ, ക്യുആർ കോഡ് സ്‌കാൻ ചെയ്തശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വിളിച്ച് രക്ഷിതാക്കളെയോ കുടുംബാംഗങ്ങളെയോ അറിയിച്ച് കുട്ടിയെ കൈമാറാൻ സാധിക്കും. തിരക്കിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്താൻ റിസ്റ്റ് ബാൻഡ് മാർഗം ഇപ്പോൾ പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഈ സംവിധാനം കുറച്ചുകൂടി ഡിജിറ്റലൈസ് ചെയ്യുകയാണ് ഇതുവഴി. ഇതിനായി കമ്പനി നടത്തുന്ന ശ്രമം സ്വാഗതാർഹമാണെന്നും ജില്ലാ പൊലീസ് മേധാവി അഭിപ്രായപ്പെട്ടു.
വി സുരക്ഷ ക്യുആർ കോഡ് ബാൻഡ്, കൂട്ടം തെറ്റിപ്പോകുന്ന തീർത്ഥാടകരായ കുട്ടികളെ എളുപ്പത്തിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറാൻ പൊലീസിനെ വളരെയധികം സഹായിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് എം സി ചന്ദ്രശേഖരൻ, പമ്പ പൊലീസ് ഇൻസ്പെക്ടർ എസ് മഹേഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


