കോഴിക്കോട്: ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ പുകഴ്‌ത്തി ഫേസ്‌ബുക്ക് കമന്റിട്ട സംഭവത്തിൽ കോഴിക്കോട് എൻ.ഐ.ടി പ്രഫസർ ഷൈജ ആണ്ടവനെ പൊലീസ് ചോദ്യംചെയ്യുന്നു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം പൊലീസ് ചോദ്യംചെയ്യുന്നത്.

'ഗോദ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്' എന്നായിരുന്നു രക്തസാക്ഷി ദിനത്തിൽ പ്രഫസർ ഷൈജ ആണ്ടവൻ കമന്റിട്ടത്. സംഭവത്തിൽ എസ്.എഫ്.ഐയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.

'ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോദ്‌സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ' എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണരാജ് എന്നയാൾ പ്രൊഫൈലിൽ പോസ്റ്റ്‌ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. സംഭവത്തിൽ വിവിധ വിദ്യാർത്ഥി-യുവജന സംഘടനകൾ എൻ.ഐ.ടിയിൽ പ്രതിഷേധ പരമ്പര സംഘടിപ്പിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഷൈജ ആണ്ടവൻ അവധിയിൽ പ്രവേശിച്ചിരുന്നു. അദ്ധ്യാപികയെ നേരിൽ കാണാനോ ഫോണിൽ ബന്ധപ്പെടാനോ കഴിയാത്തതിനാൽ മൊഴിയെടുക്കാൻ ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് പൊലീസിന് കൈമാറാനായില്ല. തുടർന്നാണ് താമസസ്ഥലത്തെത്തി ചോദ്യംചെയ്യുന്നത്.