തൊടുപുഴ: വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ എത്തി പുകയില ഉൽപന്നങ്ങൾ വിതരണം നടത്തിവന്നിരുന്ന യുവാവ് പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടു.വാഹനം കസ്റ്റഡിയിൽ എടുത്തു. റെയ്ഡിൽ ഒന്നര ലക്ഷത്തിലേറെ രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെടുത്തു. മുതലക്കോടം കടപ്ലാക്കൽ റഹീംമുഹമ്മദ് (45) ആണ് തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടത്.

ചാഴിക്കാട് ആശുപത്രിയിക്ക് സമീപം വച്ചാണ് പൊലീസ് സംഘം ഇയാളെ കാണുന്നത്.തുടർന്ന് ഇയാൾ ആശുപത്രി വളപ്പിലേയ്ക്ക് സ്‌കൂട്ടർ ഓടിച്ചുകയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് പുഴയുടെ ഭാഗത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ എത്തി റഹീം പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

വാഹനത്തിന്റെ നമ്പറും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ അന്വേഷവും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ പൊലീസിന്റെ മുന്നിൽപ്പെട്ടത്. ഇയാൾ ഓടി രക്ഷപെട്ടതിന് പിന്നാലെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കാരിക്കോട് ആശുപത്രിക്ക് സമീപം ഇയാൾ രണ്ട് മുറികൾ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന വവിരം ലഭിച്ചു.പ്രദേശവാസിയായ ജോർജ്ജിന്റെതാണ് കെട്ടിടമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഇയാളെ സ്ഥലത്തെത്തിച്ച് മുറിതുറക്കാമെന്നായിരുന്നു പൊലീസിന്റെ ആലോചന. എന്നാൽ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് പൊലീസ് പൂട്ടുതകർത്ത് കെട്ടിടത്തിനുള്ളിൽക്കടന്നു.മുറികളിൽ നടത്തിയ തിരച്ചിലിലാണ് ഒന്നരലക്ഷത്തോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇത് തമിഴ്‌നാട്ടിൽ നിന്നെത്തിച്ചതാണെന്നാ പൊലീസ് അനുമാനം. ഇത് വിൽപ്പന നടത്തിയാൽ ഒരു ലക്ഷം രൂപയെങ്കിലും റഹീമിന്റെ കീശയിൽ എത്തുമെന്നാണ് പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ. റഹീമിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.