- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമ്പയിനുമായി ശുചിത്വ മിഷൻ; ആറ്റുകാൽ പൊങ്കാലയിൽ ഹരിതചട്ടം പാലിക്കണം; 'ഗ്രീൻ പൊങ്കാല സേഫ് പൊങ്കാല'
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ ഹരിതചട്ടം പാലിക്കുന്നതിന് ശക്തമായ പ്രചാരണ പരിപാടികളുമായി ശുചിത്വ മിഷൻ. 'ഗ്രീൻ പൊങ്കാല സേഫ് പൊങ്കാല', 'ആരാധിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന പ്രമേയത്തിൽ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റും തിരുവനന്തപുരം കോർപറേഷനും ശുചിത്വ മിഷനുമായി ചേർന്നാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
നിരോധിത വസ്തുക്കൾക്കൊപ്പം ഏകോപയോഗ വസ്തുക്കളേയും പൊങ്കാല സമയത്ത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ നിന്ന് വലിയ പിഴ ഈടാക്കും. ആറ്റുകാൽ പൊങ്കാലയിൽ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ കത്ത് ആറ്റുകാൽ ക്ഷേത്ര ഭാരവാഹികൾക്ക് ജില്ല ശുചിത്വ മിഷൻ നൽകിയിട്ടുണ്ട്. മന്ത്രി എം.ബി. രാജേഷിന്റെ ഓഫിസ്, ജില്ല കലക്ടറേറ്റ്, തിരുവനന്തപുരം കോർപറേഷൻ എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗരേഖയും പ്രവർത്തന പദ്ധതിയും തയാറാക്കിയതെന്ന് ശുചിത്വ മിഷന്റെ ജില്ല കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ഭക്ഷണവിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. കുടിവെള്ളം കൊണ്ടുവരുന്നതിനായി സ്റ്റീൽ കുപ്പികൾ കരുതണം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കണം. നിവേദ്യം തയാറാക്കുന്നതിനായി കൊണ്ടുവരുന്ന സാധനങ്ങളുടെ പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്ത് വരണം. പ്ലാസ്റ്റിക് കവറുകൾ അടുപ്പുകളിലിട്ട് കത്തിക്കരുത്. ഏതെങ്കിലും സാഹചര്യത്തിൽ പ്ലാസ്റ്റിക് കവറുകൾ കൊണ്ടു വന്നാൽ അവ തിരികെ കൊണ്ടുപോകണം. മാലിന്യം നഗരത്തിൽ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും ഭാരവാഹികൾ അറിയിച്ചു.
ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ഹരിതചട്ട വാഹന പ്രചാരണവും നടത്തുന്നുണ്ട്. വാഹന പ്രചാരണത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു.വി. ജോസ്, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
പ്രചാരണത്തിന് ഹാഷ് ടാഗ് അടങ്ങിയ ചിത്രങ്ങളും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. 'പ്ലാസ്റ്റിക് രഹിത പൊങ്കാല' കാമ്പയിനൊപ്പം ഭക്ഷണം വിതരണം ചെയ്യുന്നവർ, കച്ചവടക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കുള്ള പ്രത്യേക നിർദേശവും ശുചിത്വമിഷൻ നൽകിയിട്ടുണ്ട്. ഹരിതചട്ടം പാലിക്കുന്നതിനായി ജില്ല ശുചിത്വ മിഷൻ ഗ്രീൻ ആർമിക്ക് പരിശീലനവും നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ