ഇടുക്കി: കുമളിയിൽ നവകേരള സദസിനെതിരെ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എം സക്കീർ ഹുസൈനെതിരെയാണ് നടപടി. പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവുവാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാർശ പരിഗണിച്ചാണ് നടപടി.

സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കരാഹിത്യമായും, സർവ്വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി 1930 ലെ കേരളാ സിവിൽ സർവ്വീസ് പെരുമാറ്റചട്ടം അനുസരിച്ചാണ് സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഫേസ്‌ബുക്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിലും നവകേരള സദസിനെതിരേയും പുതുതായി നിയമിതനായ മന്ത്രിക്കെതിരേയും പരോക്ഷമായി വിമർശനം ഉന്നയിച്ച് പോസ്റ്റിടുകയായിരുന്നു. പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് നടപടിയെന്നാണ് വിവരം.