തൃശ്ശൂർ: തൃശ്ശൂരിലെ യുഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ കടുത്ത അമർഷം. കെ മുരളീധരൻ മൂന്നാം സ്ഥാനത്തായതിൽ ടിഎൻ പ്രതാപനെതിരെ പോസ്റ്റർ. ടിഎൻ പ്രതാപന് ഇനി വാർഡിൽപോലും സീറ്റു നൽകരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റർ ഡിസിസി ഓഫിസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ പലയിടത്തും ഈ പോസ്റ്ററുണ്ട്.

ഇനിനിടെ സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടിഎൻ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമർശനം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രംഗത്തെത്തി. മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാർ കോൺഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.

'തൃശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ മുരളീധരന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് എന്താവും സ്ഥിതി? നേതൃത്വത്തിന്റെ പിടിപ്പുകേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ഇവർ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യുഡിഎഫ് നേതൃത്വത്തിന് ആയില്ല. ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നൽകും'. യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.