- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കാര്യവുമില്ലാത്ത സമരമെന്ന് മന്ത്രി; സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയം; വിദ്യാർത്ഥികൺസെഷന് പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: സ്വകാര്യബസ് സമരം ഒത്തുതീർപ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകൾ നടത്തിയ ചർച്ച പരാജയം. നിശ്ചയിച്ചത് പോലെ തന്നെ ജൂൺ ഏഴുമുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികൺസെഷന് പ്രായപരിധി നിശ്ചയിക്കു അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.
ഒരു പ്രകോപനവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. അവർ ആഗ്രഹിച്ച രീതിയിൽ ബസ് ചാർജ് വർധന വരുത്തിയതാണ് എൽഡിഎഫ് സർക്കാർ. വീണ്ടും ഒരു പ്രകോപവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് സമരം പ്രഖ്യാപിച്ചത്. അതിന് ശേഷം ഡീസൽ വില വർധിപ്പിച്ചിട്ടില്ല.ഇങ്ങനെ സമ്മർദ്ദം ചെലുത്തി സമരത്തിലേക്ക് ഇറങ്ങുന്നത് ശരിയാണോ എന്ന് അവർ തന്നെ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു വിഭാഗം ബസ് ഉടമകളാണ് സമരം പ്രഖ്യാപിച്ചത്.സമരവുമായി മുന്നോട്ടുപോകരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. വിചിത്രമായ വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്. കെഎസ്ആർടിസിയിലെ കൺസെഷൻ എങ്ങനെയായിരിക്കണമെന്ന് അവർ നിർദേശിച്ചിരിക്കുകയാണ്. കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിക്കാൻ പാടില്ല എന്ന് സ്വകാര്യ ബസ് ഉടമകൾക്ക് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും മന്ത്രി ചോദിച്ചു.
കെഎസ്ആർടിസിയിലെ വിദ്യാർത്ഥികളുടെ കൺസെഷൻ എടുത്തുകളയണമെന്ന വാദം വരെ അവർ ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിയല്ല.ബസ് ഉടമകളുടെ നിവേദനം കിട്ടി.ബഹുഭൂരിപക്ഷവും നടപ്പാക്കിയതാണ്. വിദ്യാർത്ഥികളുടെ കൺസെഷനുമായി ബന്ധപ്പെട്ട് കമ്മീഷനെ വെച്ചിട്ടുണ്ട്. ഇന്നലെ കമ്മീഷനുമായി ചർച്ച നടത്തി. ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ