ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വർഗീസ് വിശദീകരിച്ചു.

അവധിയെടുക്കാതെയുള്ള ഗവേഷണകാലം സർവീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വർഗീസ് സത്യവാങ്മൂലത്തിൽ പറയുന്നത്. പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം. പ്രിയ വർഗീസിന്റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയ വർഗീസ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

അതേസമയം കേസിൽ പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചു. ഡെപ്യൂട്ടേഷൻ സർവ്വസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഡെപ്യൂട്ടേഷൻ യോഗ്യതയ്ക്ക് കുറവാക്കിയാൽ പ്രോഗ്രാം കോഡിനേറ്റർമാരാവാൻ അദ്ധ്യാപകർ തയ്യാറാവില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.