- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയചലച്ചിത്ര പുരസ്‌കാരത്തിന്റെ പേരിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രിയദർശന്റെ ബുദ്ധി; കോൺഗ്രസുകാർ പ്രതികരിച്ചോയെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പ്രിയദർശനെതിരേ രൂക്ഷവിമർശനവുമായി മുന്മന്ത്രി കെ.ടി. ജലീൽ. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽനിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നിൽ പ്രിയദർശന്റെ ബുദ്ധിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകൻ പ്രിയദർശൻ. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദർശന്റെകൂടി ബുദ്ധിയാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചോയെന്നും ജലീൽ ചോദിച്ചു.
ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ പരിഷ്‌കരിക്കുന്നതിനായി വാർത്താവിതരണമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയുടെ നിർദേശങ്ങളനുസരിച്ച് നവാഗതസംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെ പേര് ഇനി വെറും നവാഗതസംവിധായകചിത്രത്തിനുള്ള പുരസ്‌കാരം എന്നായിരിക്കുമെന്ന് അറിയിച്ചിരുന്നു. ദേശീയോദ്‌ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ പേരിൽനിന്ന് വിഖ്യാതനടിയായിരുന്ന നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.
വാർത്താവിതരണമന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ലമുത്തു തുടങ്ങിയവരൊക്കെയാണ് ഉണ്ടായിരുന്നത്.
മറുനാടന് ഡെസ്ക്