തിരുവനന്തപുരം: പി എസ് സി അടിമുടി മാറ്റത്തിന്. ജൂൺ 1 മുതൽ ഉദ്യോഗാർഥികൾക്കുള്ള നിയമന ശുപാർശ ഡിജിലോക്കറിൽ കൂടി ലഭ്യമാക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചത് പരിഷ്‌കരണത്തിന് പുതിയ തലം നൽകും.

നിയമനത്തിനുള്ള മെറിറ്റ് സംവരണ ഊഴം (റൊട്ടേഷൻ) നിശ്ചയിക്കുന്നതിനു പിഎസ്‌സി സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നിയമന ശുപാർശ തയാറാക്കും. ഇതുവരെ ഇതു കൈ കൊണ്ട് എഴുതി നൽകുകയായിരുന്നു. ഭൂരിപക്ഷം തസ്തികകളിലെയും റൊട്ടേഷൻ ഈ സോഫ്റ്റ്‌വെയറിലേക്കു മാറ്റും. പരീക്ഷണാ ടിസ്ഥാനത്തിൽ ഇത് ഉപയോഗിച്ചു തുടങ്ങി.

ഈ സോഫ്റ്റ്‌വെയർ മുഖേന റൊട്ടേഷൻ തയാറാക്കുന്ന തസ്തികകളിലേക്കുള്ള നിയമന ശുപാർശയാണ് ആദ്യ ഘട്ടത്തിൽ ഡിജിലോക്കറിൽ കൂടി ലഭിക്കുക. ആധാറുമായി പ്രൊഫൈൽ ലിങ്ക് ചെയ്തവർക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയിൽ നിയമന പരിശോധന സുഗമമാക്കാനും കൃത്രിമങ്ങൾ തടയാനും ഇതു സഹായിക്കും. നിയമന നടപടികൾ വേഗത്തിലാകും. പുതിയ സംവിധാനം വന്നാലും നിയമന ശുപാർശ നേരിട്ട് അയച്ചു കൊടുക്കുന്ന ഇപ്പോഴത്തെ രീതി തുടരും.

ജില്ലകളിൽ എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാർക്ക്/ ക്ലാർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്മാർ), ബാംബൂ കോർപറേഷനിൽ ടെക്‌നിഷ്യൻ ഗ്രേഡ് 2 (ഓപ്പറേറ്റർ ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.