മലപ്പുറം: പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ. കാരക്കാരായി ചൂണ്ടിക്കാട്ടുന്ന പ്ലാസ്റ്റിക്ക് സംസ്‌കരണ കമ്പനിയെ സംരക്ഷിച്ച് സിപിഎം ഭരണ സമിതി. സ്റ്റോപ്പ് മെമോ നൽകില്ല. യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി വന്നതോടെ മണിക്കൂറുകൾ ഗ്രാമപഞ്ചായത്തോഫീസിൽ സംഘർഷാവസ്ഥ. സിപിഎം സഹയാത്രികനായിരുന്ന റസാഖ് പയമ്പ്രോട്ട് പഞ്ചായത്തോഫീസിൽ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ വിളിച്ചു ചേർത്ത പുളിക്കൽ പഞ്ചായത്ത് അടിയന്തര ഭരണ സമിതി യോഗത്തിലാണ് ഭരണപക്ഷത്തിന്റെ ഏക പക്ഷീയ നിലപാട് പഞ്ചായത്തോഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

കമ്പനിക്കെതിരെ സ്റ്റോപ്പ് മെമോ നൽകാൻ യുഡിഎഫ് അംഗങ്ങൾ നോട്ടീസ് നൽകി. സെക്രട്ടറിയെ ഉപരോധിച്ച ശേഷമാണ് യോഗം വിളിക്കാൻ തയ്യാറായത്. എന്നാൽ യോഗം നടന്നപ്പോൾ പ്രസിഡന്റും സെക്രട്ടിയും സ്റ്റോപ്പ് മെമോ നൽകാൻ വിയോജിച്ചു.ഇതോടെ യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രസിഡന്റിനെയും സെക്രട്ടറിയെയും ഉപരോധിച്ചതോടെ അന്തരീക്ഷം സംഘർഷഭരിതമായി. പുറത്ത് കൂടി നിന്ന യുഡിഎഫ് പ്രവർത്തകർ ഗ്രാമപഞ്ചായത്തിലേക്ക് കയറി എൽഡിഎഫ് ഭരണസമിതിയുടെ ഏകപക്ഷീയ നടപടിക്കെതിരെ പ്രതിഷേധിച്ചു. ഇതോടെ മണിക്കൂറുകൾ ഗ്രാമപഞ്ചായത്തോഫീസ് സംഘർഷാവസ്ഥയിലായി.

കൊണ്ടോട്ടി എ.എസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി.കൂടുതൽ പൊലീസ് എത്തിയശേഷം ജന പ്രതിനിധികളെയും യുഡിഎഫ് നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇവരെ കൊണ്ട് പോവുന്നത് പ്രവർത്തകർ തടഞ്ഞ് ദേശീയ പാത ഉപരോധിച്ചു. സംഭവത്തിൽ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനിടെ പൊലീസിന്റെ ബലപ്രയോഗത്തിൽ യുഡിഎഫ് ജനപ്രതിനിധി സി.പി. ശങ്കരൻ ബോധരഹിതനായി.

ഇദ്ദേഹത്തെ പുളിക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ സമരെ ചെയ്ത റസാഖിന്റെ മരണം സംഭവിച്ചിട്ട് ദിവസങ്ങളായിട്ടും യോഗം വിളിച്ചു ചേർക്കാത്ത നടപടിക്കെതിരെ കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങൾ സെക്രട്ടറിയെ ഘരാവോ ചെയ്തതോടെയാണ് ഈ വിഷയം അജണ്ടയാക്കി ഇന്നലെ അടിയന്തിര യോഗം വിളിച്ചത്.