തിരുവനന്തപുരം : വാളയാർ കേസുമായി ബന്ധപ്പെട്ട് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിയെ തുടർന്ന് നിയമ നടപടികളിലെ കാര്യക്ഷമത ഉറപ്പാക്കാനും കാലവിളംബം ഒഴിവാക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച ഉന്നതതല നിരീക്ഷണ സംവിധാനം പരാജയമായിരുന്നുവെന്നാണ് വണ്ടിപ്പെരിയാർ കേസ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആരോപിച്ചു.

കെ.പി.എം.എസ് സംസ്ഥാന നിർവാഹക സമിതി യോഗം തിരുവനന്തപുരം ടൗൺ ടവറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങളിൽ ജനവികാരം ശമിപ്പിക്കുവാനുള്ള ആശ്വാസ പ്രഖ്യാപനങ്ങൾക്കപ്പുറം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഉണ്ടാകേണ്ടിയിരുന്ന സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അഭാവം കേസ് പരാജയപ്പെടുന്നതിന് കാരണമായിട്ടുണ്ട്.

അന്വേഷണത്തിലുടനീളം കാട്ടിയ അലംഭാവവും തെളിവുകൾ ശേഖരിക്കുന്നതിലെ അശാസ്ത്രീയതയും കോടതി എടുത്തു പറഞ്ഞിട്ടും വീഴ്ചവരുത്തിയവർക്കെതിരെ ഒരു പരിശോധനയുമില്ലാതെ പിഴവുകളുള്ള നിലവിലെ കുറ്റപത്രത്തിന്മേൽ അപ്പീൽ പോകാനുള്ള സർക്കാർ നിലപാട് ഈ വിഭാഗത്തോടുള്ള മനോഭാവമാണ് വെളിപ്പെടുത്തുന്നത്.

അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ട സമയത്ത് പരിഹാരമാർഗ്ഗങ്ങൾ പോലും പ്രഹസനമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് എൽ. രമേശൻ അധ്യക്ഷത വഹിച്ചു. പി.എ.അജയഘോഷ്, എൻ.ബിജു, അഡ്വ.എ.സനീഷ് കുമാർ, ബൈജു കലാശാല, പി.വി.ബാബു,എ.പി.ലാൽകുമാർ,ടി.ജി.ഗോപി,പി.എൻ.സുരൻ തുടങ്ങിയവർ സംസാരിച്ചു.