- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കേണ്ടതില്ല; അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം.
കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അപ്പീല്‍ ഹര്‍ജിയുമായി നിലവില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നികുതി വെട്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതുച്ചേരിയില്‍ ഇല്ലാത്ത മേല്‍വിലാസത്തില്‍ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതിപ്പണം വെട്ടിച്ചെന്നാണു കുറ്റപത്രത്തിലെ ആരോപണം. 3,60,300 രൂപ വെട്ടിച്ചെന്ന ആരോപണം തെറ്റാണെന്നും പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തില്‍ വിലാസമുള്ളതിനാല്‍ ഇവിടെ നികുതി അടയ്ക്കണമെന്ന പ്രോസിക്യൂഷന്‍ വാദം നിയമത്തിനെതിരാണ്. മേല്‍വിലാസമല്ല, വാഹനത്തിന്റെ ഉപയോഗമാണു നികുതി നിശ്ചയിക്കുന്നത്. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
2010 ജനുവരി 27 നാണ് PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.