- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും
കൊല്ലം: പരവൂർ പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തക്കേസിൽ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. നിലവിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ പാരിപ്പള്ളി രവീന്ദ്രൻ കഴിഞ്ഞദിവസം അന്തരിച്ച സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. കേസ് കഴിഞ്ഞദിവസം ജില്ലാ സെഷൻസ് കോടതിയിൽ പരിഗണനയ്ക്ക് വന്നപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്താൽ ഓഗസ്റ്റ് 24 - ലേയ്ക്ക് മാറ്റി.
അടുത്ത അവധിക്ക് മുമ്പ് തന്നെ സർക്കാർ പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് വിവരം. പ്രത്യേക കോടതി സ്ഥാപിച്ചതിനാൽ വിചാരണ നടപടികൾ അതിവേഗം നടത്തേണ്ടതുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതികളും അവരുടെ അഭിഭാഷകരും ഹാജരായിരുന്നു.
അതേ സമയം പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാലും അദ്ദേഹം കേസ് വിശദമായി പരിശോധിക്കാൻ ഏറെ സമയം എടുക്കും. ഇതനുസരിച്ച് വിചാരണ നടപടികൾ വൈകാനും സാധ്യതയുണ്ട്. 110 പേർ മരിച്ച കേസിൽ 1,417 സാക്ഷികളും 1,611 രേഖകളും 376 കൊണ്ടിമുതലുകളും ഉൾപ്പെടുന്നു. പതിനായിരത്തിധികം പേജുകൾ ഉള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
അന്തരിച്ച പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വച്ചിരുന്നു. ജഡ്ജിമാരും അഭിഭാഷകരും അടക്കം നൂറുകണക്കിന് ആൾക്കാർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്നാണ് കോടതി നടപടികൾ ആരംഭിച്ചത്.