- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്നായി വായിക്കുന്നയാളാണ്, അതിന് തക്കതായ കണ്ണടയാണ് വാങ്ങിയത്; കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യം; വനിതാ മന്ത്രിയെന്ന നിലയിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കണ്ണട വിവാദത്തിൽ പ്രതികരിച്ചു മന്ത്രി ആർ ബിന്ദു. ഒരു വനിതാ മന്ത്രിയെന്ന നിലയിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം തനിക്കെതിരെ നടക്കുന്നതായി ആർ ബിന്ദു പറഞ്ഞു. കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഞാൻ നന്നായിട്ട് വായിക്കുകയും കമ്പ്യൂട്ടറൊക്കെ നോക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന് തക്കതായ ഒരു കണ്ണടയാണ് വാങ്ങിയത്. അത് ഒരു മഹാ അപരാധമാണെന്ന നിലയിൽ വ്യാഖ്യാനങ്ങൾ പുറത്തുവരുന്നു. ഈ ആനുകൂല്യം കോൺഗ്രസ് നേതാക്കളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇതേ വിഷയം ചൂണ്ടിക്കാട്ടി 35,842 രൂപ കൈപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ട്, മന്ത്രി പറഞ്ഞു.
മഹിളാ കോൺഗ്രസ് ബുധനാഴ്ച നടത്തിയ പ്രകടനത്തിൽ വളരെ മോശമായ രീതിയിൽ വിഷയം കൈകാര്യം ചെയ്തു. അവർ ഒരു കണ്ണടയും ഉയർത്തിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പേരെടുത്ത് സംസാരിക്കേണ്ടിവന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.യുവിന് ഒരു ചരിത്രമുണ്ട്. ഐക്യകേരള പിറവിക്കുശേഷം അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിക്കുന്നതിനുവേണ്ടി രൂപീകൃതമായ വിമോചനസമരത്തിന്റെ ശിശുവാണ് കെ.എസ്.യു. ജനാധിപത്യപരമായി കാര്യങ്ങളെ സമഗ്രമായി കാണാനുള്ള സമചിത്തയില്ലാത്ത ഒരു സംഘടനയാണ് നിർഭാഗ്യവശാൽ കെ.എസ്.യു, തനിക്കെതിരായ കെ.എസ്.യു. പ്രതിഷേധം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
കേരളവർമ കോളേജ് തിരഞ്ഞെടുപ്പുമായി യാതൊരു വിധത്തിലും താൻ ബന്ധപ്പെട്ടിട്ടില്ല. കേരളീയത്തിലെ ജനപങ്കാളിത്തവും വിജയവും സഹിക്കാൻ കഴിയാതെ ഒരാളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അപലപനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, മന്ത്രി വാർത്താസമ്മേളനം നടത്തുന്ന സ്ഥലത്തേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിൽ വനിതാ പ്രവർത്തകർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.