- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; പാലക്കാടും കൊല്ലത്തും അടൂരിലും സംഘർഷം; ഭരണകൂട ഭീകരതയെന്ന് ചെന്നിത്തല; പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന രീതി ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാടും കൊല്ലത്തും അടൂരിലും പ്രതിഷേധം സംഘർഷമായി. നേരത്തെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.
അറസ്റ്റിനെതിരെ പതിനാല് ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് രാഹുലിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഭരണകൂട ഭീകരതായാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് രാജിന്റെ ഭാഗമാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന പോലെയാണ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധത്തിലാണ് കേരള പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലുണ്ടായ സമരങ്ങളെ ഇങ്ങനെയാണോ ഭരണകൂടങ്ങൾ നേരിട്ടുള്ളത്?. ഇന്ന് ഭരിക്കുന്നവർ സമരം ചെയ്തിട്ട് ഏതെങ്കിലും നേതാക്കളെ അർധരാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ?. രാഹുലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നും ചെന്നിത്തല ചോദിച്ചു. പിണറായി വിജയനെ എതിരെ സംസാരിച്ചാൽ എന്തുചെയ്യുമെന്ന ധാർഷ്ട്യം പൊലീസിന് ഉണ്ടായിരിക്കുകയാണ്. ഇതിനെ ജനകീയ പിന്തുണയോടെ നേരിടും. ഇത് ഭരണകൂട ഭീകരതയാണെന്നും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പൊലീസിന്റെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന രീതി ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ രിതിയിൽ ഭീകരാന്തരീക്ഷ സൃഷ്ടിച്ച് യൂത്ത് കോൺഗ്രസിന്റെ അറിയപ്പെടുന്ന നേതാവിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇത് അലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



