തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വിൽപന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ ആരെയും അനുവദിക്കരുതെന്ന് സർക്കുലർ ഇറക്കിയ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ദൃശ്യങ്ങൾ പകർത്തരുതെന്ന നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സി.എം.ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

മാധ്യമങ്ങൾ ഉൾപ്പെടെ ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിലുള്ളത്. നിർദേശങ്ങൾ നടപ്പാക്കുന്നതിന് റീജ്യനൽ മാനേജർമാർക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജർമാർക്കും നിർദ്ദേശം നൽകി. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തരുതെന്ന് സർക്കുലറിൽ ജീവനക്കാർക്കുനേരെയും മുന്നറിയിപ്പുണ്ട്.

വിവിധ വിൽപന ശൃംഖലകളുമായുള്ള മത്സരത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടതാൽപര്യം സംരക്ഷിക്കാനെന്ന പേരിലാണ് ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്കെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, സപ്ലൈകോ വിൽപന ശാലകളി?ൽ അവശ്യ വസ്തുക്കളില്ലാത്ത ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുകയാണ് ഈ സർക്കുലറിന് പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക് പോസ്റ്റ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക് പോസ്റ്റ്


എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം "സാറെ"....

സപ്ലൈക്കോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും....

പാക്കലാം...!