തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇന്നുച്ചയോടെ മഴ നിർത്താതെ പെയ്തതോടെ, നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ വെള്ളക്കെട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നരത്തോടെ മഴ അൽപ്ം ശമിച്ചെങ്കിലും ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതോടെയാണ് വിവിധയിടങ്ങളിൽ വെള്ളംകയറി.

കിഴക്കേകോട്ട, തമ്പാനൂർ, ഗൗരീശപട്ടം എന്നിവിടങ്ങളിലെ വീടുകളിലും കടകളിലുമടക്കം വെള്ളക്കെട്ടുണ്ടായി. തമ്പാനൂർ റെയിൽവെ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ കനത്ത വെള്ളക്കെട്ടിൽ ഗതാഗത സ്തംഭനമുണ്ടായി. തമ്പാനൂർ എസ് എസ് കോവിൽ റോഡിലും വെള്ളംനിറഞ്ഞു.

മണിക്കൂറുകളായി നിർത്താതെ പെയ്ത മഴയിൽ ആമയിഴഞ്ചാൻ തോട് നിറഞ്ഞതോടെ ഗൗരീശ പട്ടം, തേക്കുംമൂട് എന്നിവിടങ്ങളിൽ വെള്ളംകയറി. പഴവങ്ങാടി-പവർഹൗസ് റോഡിലും വെള്ളക്കെട്ടാണ്. മുട്ടത്തറ ടി.ബി റോഡിലും കനത്ത വെള്ളക്കെട്ടുണ്ടായി. മിക്കയിടത്തും വെള്ളംകയറിയതോടെ ആളുകൾ വീട്വിട്ട് പുറത്തിറങ്ങി.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദ്ദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.