- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നു; വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ ന്യൂനമര്‍ദ പാത്തിയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് അതിതീവ്ര മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.
സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് അവധി നല്കി. വയനാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്കു മാത്രമാണ് അവധി. കോളജുകള്‍ക്ക് അവധി ബാധകമല്ല. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതിന്റെ ഫലമായിട്ടാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ മിതമായ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഇടി, മിന്നല്‍, കാറ്റ് എന്നിവയോടെയായിരിക്കും ശക്തമായ മഴയുണ്ടാകുക.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം
കോട്ടയം വൈക്കം വെച്ചൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് റോഡരികില്‍ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വൈക്കം , പാമ്പാടി , ചങ്ങനാശേരി, പാല തുടങ്ങിയിടങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. ചിങ്ങവനം കനകക്കുന്നില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പാമ്പാടി ചെമ്പക്കരയില്‍ സ്കൂട്ടര്‍ യാത്രികന് മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. വൈക്കത്ത് വെച്ചൂര്‍ റോഡില്‍ കാറുകളുടെ മുകളിലേക്ക് മരം വീണു. പാല - തൊടുപുഴ റോഡില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പാല പ്രവിത്താനത്ത് നിര്‍ത്തിയിട്ടിരുന്ന ഇരു ചക്രവാഹനങ്ങള്‍ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകള്‍ വീണു. പോസ്റ്റ് വീണ് വാഹനങ്ങള്‍ തകര്‍ന്നെങ്കിലും ആളപായമില്ല. ഏഴ് വൈദ്യുത പോസ്റ്റുകള്‍ വീണെന്ന് പൊലീസ് അറിയിച്ചു.