മൂന്നാർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ മൂന്നാറിലെ രാജമലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം. വരയാടുകളെ കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഇവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം അടുത്തനാളുകളിൽ ഊർജ്ജിതമായിട്ടുണ്ട്.

വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള മേഖലയാണ് രാജമല.മൂന്നാർ-മറയൂർ റോഡിൽ മൂന്നാറിൽ നിന്നും 8 കിലോമീറ്റർ അകലെ ,തേയിലത്തോട്ടങ്ങൾക്കും സ്വാഭാവികമായ ഷോലവനങ്ങൾക്കും മദ്ധ്യേയാണ് രാജമല.ചുറ്റുമുള്ള തേയിലക്കാടുകളും പച്ചപുതച്ച മലനിരകളുമെല്ലാം പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ തണുത്ത കാറ്റും കോടയും പ്രത്യക്ഷപ്പെടുന്നതാണ് ഇവിടുത്തെ സാധാരണ കാലാവസ്ഥ.ഇപ്പോൾ ചില ദിവസങ്ങളിൽ പെട്ടെന്ന് പെയ്തൊഴിയുന്ന മഴയുമുണ്ട്.

രാജമല ഉൾപ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്.പുൽമേടുകളും ഷോലവനങ്ങളും ഇടകലർന്ന രാജമലയിൽ സന്ദർശകർക്ക് വരയാടുകളെ അടുത്തുകാണാം എന്നതാണ് പ്രധാന സവിശേഷത.രാജമലയുടെ ചില ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു. പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും.പാസുമായി എത്തുന്നവർക്ക് മലമുകളിലേയ്ക്കും തിരിച്ചും എത്തുന്നതിനായി വനംവന്യജീവി വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനം നിർത്തുന്ന പോയിന്റിൽ നിന്നും മലമമുകളിലേയ്ക്കുള്ള പാതയിൽ ഇരുവശങ്ങളിലും ഒട്ടുമിക്ക സമയങ്ങളിലും കൂട്ടത്തോടെ വരയാടുകളെത്തുന്നുണ്ട്.വഹനം ഇറങ്ങിയാൽ മലമുകളിലേയ്ക്കുള്ള നടപ്പുപാതയുടെ പ്രവേശന കവടാത്തിലേയ്ക്കാണ് എത്തിച്ചേരുക.മലയെ ചുറ്റിയുള്ള നടപ്പുപാതയിലെ യാത്ര നവ്യാനുഭൂതി പകരുന്നതാണെന്നും ഇത് അനുഭവിച്ചറിയുക തന്നെ വേണമെന്നുമാണ്് സന്ദർശകരുടെ പക്ഷം. 

പ്രവേശന കവാടത്തോടനുബന്ധിച്ച് കുറിഞ്ഞി കഫേ എന്ന പേരിൽ ഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്.മലമുകളിൽ വാഹനം നിർത്തുന്ന സ്ഥലത്തും ലഘുഭക്ഷണവും വെള്ളവും മറ്റും ലഭിക്കും.