ന്യൂഡൽഹി: പാർലമെന്റിൽ ശ്രീനാരായണഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആർ.പി.ഐ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ.രാജീവ് മേനോൻ. അധസ്ഥിത സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ട തീവ്രമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മഹത് വ്യക്തിത്വവും കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്‌കർത്താവുമായിരുന്നു ശ്രീനാരായണഗുരു. ജാതിക്കും മതത്തിനുമെതിരെ ശക്തമായ പടപൊരുതിയ നവോത്ഥാന നായകൻ. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു ഗുരുവിന്റെ ആപ്തവാക്യം ലോകം കണ്ട മഹാനുഭാവനായ ഗുരുവിന്റെ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കുന്നത് വഴി ലോക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാകുമെന്ന് ഡോ.രാജീവ് മേനോൻ പറഞ്ഞു .

ശാസ്ത്രം വളർന്നാലെ രാജ്യം വളരുകയുള്ളുവെന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുദേവന്റെ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കാൻ അഞ്ച് പതിറ്റാണ്ട് രാജ്യം ഭരിച്ചവർക്ക് കഴിയാതെ പോയത് ഗുരുവിനോട് ചെയ്ത നിന്ദയാണന്നും ഡോ.രാജീവ്മേനോൻ പറഞ്ഞു . കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തിൽ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച ശ്രീനാരായണഗുരു. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേയും ജാതീയമായ വേർതിരിവുകൾക്കെതിരേയും ശബ്ദമുയർത്തി. കേരളത്തെ നേരിന്റെ വഴിയേ നയിച്ച വ്യക്തിത്വം. ശ്രീനാരായണഗുരു ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ ആളായിരുന്നില്ല. മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്കടിസ്ഥാനമെന്ന് ഡോ.രാജീവ്മേനോൻ വ്യക്തമാക്കി.

ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ എല്ലാം ലോകജനതയുടെ നന്മയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഡോ. രാജീവ് മേനോൻ പറഞ്ഞു. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ ഗുരുദേവൻ കേരളീയ സമൂഹത്തിൽ വരുത്തിയ വിപ്ലവാത്മകമാറ്റങ്ങളുടെ അടിസ്ഥാനം അഷ്ടലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനമായിരുന്നു.

ജാതിമത വ്യത്യാസമില്ലാത്തെ ഏവർക്കും ഒത്തുചേരാനും പ്രാർത്ഥിക്കാനും ഒരിടം എന്ന ലക്ഷ്യത്തോടെയാണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ശ്രീനാരായണ ഗുരുവിന്റെ വിപ്ലവാത്മകമായ പ്രവർത്തനങ്ങൾക്കെല്ലാം തുടക്കം കുറിക്കുന്നതായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠ കാലത്തിന് മുന്നേ സഞ്ചരിച്ച മഹത് വ്യക്തിത്വത്തെ മോദി സർക്കാർ മാത്രമാണ് അംഗികരിച്ചതെന്നും ഡോ. രാജീവ്മേനോൻ പറഞ്ഞു.