കോഴിക്കോട്: പതിറ്റാണ്ടുകളായ് പുറമ്പോക്കിൽ എന്നതുപോലെ കഴിഞ്ഞ പന്ത്രണ്ട് കുടുംബങ്ങൾക്ക് പട്ടയം ഉറപ്പാക്കുന്നു; ഹോസ്റ്റൽ ഫീസില്ലാത്തതിനാൽ പഠനംമുറിഞ്ഞ പെൺകുട്ടികൾക്ക് സഹായഹസ്തം; അടച്ചുറപ്പും മേൽക്കൂരയുമില്ലാത്ത വീട്ടിൽ കഴിഞ്ഞവരുടെ വേവലാതിക്ക് ആശ്വാസം; വിവാഹത്തിന് കൈത്താങ്ങായ് സാമ്പത്തിക സഹായം...ഒരു പകലിന്റെ ദൈർഘ്യത്തിനിടയിൽ സ്വപ്നസമാനമായ മാറ്റങ്ങൾ! രമേശ് ചെന്നിത്തലയെന്ന നേതാവിന്റെ ഇടപെടൽകൊണ്ട് ചേളന്നൂർ ഞാറക്കാട്ട് കോളനി നിവാസികൾക്ക് പുതുവത്സരം ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വരദാനങ്ങളുടേതായി.

കോളനി സന്ദർശിച്ച് പുതുവത്സരം തുടങ്ങുകയെന്ന പതിനഞ്ച് വർഷമായുള്ള പതിവിന്റെ തുടർച്ചയായാണ് രമേശ് ചെന്നിത്തല തന്റെ ഗാന്ധിഗ്രാമം പദ്ധതിയുമായ് ഇന്നലെ എലത്തൂർ ചേളന്നൂർ ഞാറക്കാട്ട് കോളനിയിലെത്തിയത്. എല്ലാ ജനുവരി ഒന്നിനും ഒരു പട്ടികജാതി, പട്ടിക വർഗ കോളനി സന്ദർശിച്ച് ആശ്വാസവും ആശ്രയവും പകരുകയെന്ന രീതിയാണ് രമേശ് ചെന്നിത്തല പിന്തുടരുന്നത്.

രാവിലെ 9.30 ന് ഞാറക്കാട്ട് കോളനിയിലെത്തിയ ചെന്നിത്തലയെ കോളനിയിലെ മുതിർന്ന അംഗം കല്യാണിയമ്മയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പാള തൊപ്പിയണിയിച്ച് വരവേറ്റു. തുടർന്ന് കോളനി നിവാസികൾക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ടു വിലയിരുത്തി. കോളനിയിലെ മുതിർന്ന വനിതാ അംഗങ്ങളായ കല്ല്യാണിയമ്മ, ശാരദ എന്നിവരെ ഉദ്ഘാടനത്തിന് നിയോഗിച്ചെന്ന സവിശേഷതയുമുണ്ട്. കോളനി നേരിടുന്ന പ്രശ്നങ്ങൾ അവർ ഓരോന്നായി ചെന്നിത്തലയുമായി പങ്കുവച്ചു. പ്രാഥമികമായി തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

15 വർഷത്തോളമായി പട്ടയം ലഭിക്കാത്ത 12 കുടുംബങ്ങളുടെ പ്രശ്നം വേദിയിൽ വച്ചു തന്നെ കോഴിക്കോട് എഡിഎമ്മുമായ് ഫോണിൽ സംസാരിച്ച് എത്രയും പെട്ടെന്ന് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ കോളനിയിലെ എട്ട് വീടുകൾക്ക് അറ്റകുറ്റ പണികൾ നടത്താൻ ഓരോ ലക്ഷം രൂപ വീതം ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്നും അറിയിച്ചു. കോളനി നിവാസികളായ വിഷ്ണു വാസു, ജലജാ സത്യൻ, ശിവദാസൻ, ഉബൈ ഭാനു, രവീന്ദ്രൻ, ശാരദ, ദേവി എന്നിവരുടെ വീടുകളുടെ അറ്റകുറ്റ പണിക്കാണ് തുക അനുവദിച്ചത്.

കൂടാതെ പഠനാവശ്യങ്ങൾക്ക് ബാലകൃഷ്ണന്റെ മകൾ അമയക്കും ശിവദാസന്റെ മകൾ അശ്വതിക്കും ഓരോ ലാപ്പു ടോപ്പുകൾ നൽകുമെന്നും അറിയിച്ചു. വാർഡ് അംഗം വി എം ഷാനി അറിയിച്ചതിനെ തുടർന്ന്, ഐ ടി ഐ വിദ്യാർത്ഥിനിയായ അശ്വിതിയുടെ മൂന്ന് മാസത്തെ ഹോസ്റ്റൽ ഫീസിന്റെ ആദ്യ ഗഡുവായി 4500 രൂപ രമേശ് ചെന്നിത്തല നൽകി; ബാക്കി തുക സമയബന്ധിതമായി കൈമാറും.

കോളനി നിവാസി ഷീബയുടെ മകളുടെ വിവാഹ ചെലവിലേക്ക് 25000 രൂപ ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും അനുവദിച്ചു. അർജ്ജുൻ, ശ്രീനത എന്നിവരുടെ കുട്ടികൾക്ക് ഗാന്ധി ഗ്രാമം പദ്ധതിയിൽ മൂന്ന് സൈക്കിളുകൾ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതു കൂടാതെ സർക്കാർ തലത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ അധികൃതരുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തുടർന്ന് കോളനി നിവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ എഴുപത് അംഗങ്ങൾക്കും പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. ഊരുമൂപ്പൻ കോരനെ ചടങ്ങിൽ ആദരിച്ചു. കോളനി നിവാസികളുടെ കലാപരിപാടികളും ഫോക്ക് ലോർ അക്കാദമി ഒരുക്കിയ കലാപ്രകടനവും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

2011 ൽ കെപിസിസി പ്രസിഡന്റായിരിക്കെ കെ.കരുണാകരന്റെ മണ്ഡലമായ മാള കുന്നത്തു കാട് കോളനിയിൽ നിന്നാണ് ഗാന്ധി ഗ്രാമം എന്ന പേരിട്ട കോളനി സന്ദർശന പരിപാടിക്ക് തുടക്കമിട്ടത്. വ്യക്തികളിൽ നിന്നുൾപ്പെടെ സമാഹരിക്കുന്ന ചെറിയ സംഭാവനകളാണ് പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിക്കുന്നത്.

അതേസമയം പട്ടികജാതി, പട്ടിക വർഗങ്ങൾക്കായ് കാലാകാലങ്ങളായ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ നടപ്പാക്കാൻ അമാന്തം കാട്ടുകയും ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അവശവിഭാഗങ്ങൾക്ക് നീതികിട്ടുംവരെ തന്റെ പ്രവർത്തനവും പോരാട്ടവും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എഴുപത് വർഷംകൊണ്ട് ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികൾ ഇടനിലക്കാർ കവർന്നുകൊണ്ടുപോകുന്ന കാഴ്ചയാണ്. രാജീവ്ഗാന്ധിയുടെ കാലത്ത് പിന്നാക്ക വിഭാഗത്തിന് അനുവദിച്ച പെട്രോൾ പമ്പുകൾ പിന്നീട് ഇടനിലക്കാർ കൈക്കലാക്കി. ഇതിനെതിരെ സമൂഹം ഉണർന്ന് പ്രതികരിക്കണം. ഈ പശ്ചാത്തലത്തിലാണ് കഴിയാവുന്ന സഹായങ്ങൾ നൽകാൻ ഗാന്ധിഗ്രാമം പദ്ധതിയിലൂടെ ശ്രമിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് 13 കോളനികൾക്ക് 13 കോടി വീതം നൽകാൻ സാധിച്ചിരുന്നു. എന്നാൽ ഭരണം മാറിയപ്പോൾ അത്തരം സഹായം ലഭിച്ചില്ല. പകരം സുമനസുകളുടെ സഹായത്തിലൂടെയാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും അർഹമായ ഓരോ കോളനിയിലും തങ്ങൾ സർവേ നടത്തിയാണ് പ്രശ്നങ്ങൾ മനസ്സിലാക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം നിയാസ്, അഡ്വ.കെ.ജയന്ത്, മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി, എൻഎസ്യു സെക്രട്ടറി കെ.എം അഭിജിത്ത്, നേതാക്കളായ അഡ്വ. ഐ.മൂസ, കെ.രാമചന്ദ്രൻ, രമേശ് കാവിൽ, ആർ. വത്സലൻ, മലയിൻകീഴ് വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ശ്രീജിത്ത്, ചേളന്നൂർ മണ്ഡലം പ്രസിഡന്റ് ഖാദർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശീതൾരാജ്, പി.ശ്രീധരൻ മാസ്റ്റർ, സനൂജ് കുരുവട്ടൂർ, അജീഷ് മാട്ടൂൽ സുധീർ, ശ്രീനന്ദ രാജ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പെടുത്തു. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ നന്ദി പറഞ്ഞു.