പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടിൽ സുബിൻ (28) നെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി.സതീഷ് കുമാർ തടവും പിഴയും വിധിച്ചത്. 2018 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സമയ ബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽ പോയ പ്രതിയെ തടിയിട്ട പറമ്പ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

എസ്.എച്ച്.ഒ മാരായ പി.എം.ഷമീർ , സന്തോഷ് കുമാർ ,ടി.എസ്.ശിവകുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഏ.ആർ.ജയൻ ,ഷംസാ ബീവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: എ.സിന്ധു ഹാജരായി.