കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ. മാധ്യമങ്ങൾക്കും പൊലീസിനും നന്ദിയുണ്ട്. സംഭവത്തിന് പിന്നിൽ എന്താണെന്ന് അറിയണമെന്നും പിതാവ് റെജി.

ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സഹായിച്ച എല്ലാവർക്കും നന്ദി. രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിർത്തുന്നില്ല. കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചു. മാധ്യമങ്ങളും തുടക്കം മുതൽ കൂടെനിന്നു. പൊലീസ് ആദ്യം മുതൽ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാൻ തളർന്നു പോയി ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാൽ അപ്പോഴും പൊലീസ് ധൈര്യം പകർന്നു. എല്ലാവരോടും നന്ദി. ആരെക്കുറിച്ചും സംശയമില്ല. പക്ഷേ ഇതിന് പിന്നിലെന്താണെന്ന് കണ്ടെത്തണമെന്നും റെജി പറഞ്ഞു.

ഇന്നലെ കാറിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളിലേക്ക് ഇനിയും പൊലീസിന് എത്താനായിട്ടില്ല.