കാസർകോട്: ചൂരിയിലെ മദ്‌റസാധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് ജനുവരി 20ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടർനടപടികളും പൂർത്തിയായ കേസ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്നു.

വിധി പറയുന്നതിന് മുമ്പുള്ള അവസാനവാദമാണ് കോടതിയിൽ നടക്കുന്നത്. ഈ മാസം തന്നെ കേസിൽ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് മാറ്റിവെക്കേണ്ടിവന്ന കേസുകളും ഇപ്പോൾ ജില്ല കോടതിയുടെ പരിഗണനയാണ്. ഈ കേസുകൾക്ക് കാലതാമസം വന്നതിനാൽ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.

2017 മാർച്ച് 21ന് പുലർച്ചെയാണ് പഴയ ചൂരി പള്ളിയോട് ചേർന്ന താമസസ്ഥലത്ത് സംഘ്പരിവാർ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിൻ, അഖിലേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് റിയാസ് മൗലവി വധക്കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.