തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയുടെ സർവീസ് റോഡ് മഴയിൽ തകർന്നു. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ ശക്തമായ മഴയെത്തുടർന്ന് ഏഴ് മണിയോടെ കുളത്തൂരാണ് ഒരു ഭാഗത്തെ സർവീസ് റോഡ് ഇടിഞ്ഞുതാണത്. ഇൻഫോസിസിന് എതിർവശത്തുള്ള 150 മീറ്ററോളം ഭാഗത്താണിത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

15 അടിയോളം ഉയരമുള്ള ഓടയുടെ കോൺക്രീറ്റ് ഭിത്തിയും തകർന്നിട്ടുണ്ട്. രണ്ടു മാസം മുൻപ് ഈ ഭാഗത്തെ റോഡിൽ വിള്ളൽ കണ്ടെത്തിയിരുന്നു.ഒരാഴ്ച മുൻപ് അത് പരിഹരിക്കാനുള്ള ജോലികൾ ആരംഭിച്ചെങ്കിലും പുലർച്ചെ മൂന്നുമണിയോടെ പെയ്ത മഴയെ തുടർന്ന് റോഡ് തകരുകയായിരുന്നു. തിരക്കില്ലാത്ത സമയമായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.