- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാർ പാലിക്കാം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; തമിഴ്‌നാടിന് ജലം നൽകാൻ കേരളം തയ്യാർ; കേന്ദ്ര ജലകമ്മിഷനോട് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമ്മിഷൻ ചെയർമാൻ കുശ്വിന്ദർ വോറയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. തമിഴ്‌നാടിന് കരാർ പ്രകാരം ജലം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിർമ്മിച്ചാലും കരാർ പ്രകാരം ജലം നൽകാൻ കേരളം തയാറാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ ജല കമ്മിഷനെ അറിയിച്ചു.
കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷൻ ചെയ്തു പുതിയ ഡാം നിർമ്മിക്കണം. അതുവഴി ജനങ്ങൾക്കുള്ള ആശങ്ക നീക്കണം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ആവശ്യമായ ടേംസ് ഓഫ് റഫറൻസ് നിശ്ചിയിക്കാൻ തമിഴ്‌നാടിനോട് കേന്ദ്ര ജല കമ്മിഷൻ നിർദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പഠനം എത്രയും വേഗം പൂർത്തിയാക്കി പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
1958 ൽ ഒപ്പിട്ട പറമ്പികുളം - ആളിയാർ കരാർ പുനപരിശോധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. ഇതിനോടകം രണ്ട് പുനപരിശോധനകൾ നടത്തേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. പ്രളയം ഉണ്ടായാൽ അടിയന്തര കർമ്മ പദ്ധതികൾ തയാറാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട CWC യുടെ കൈവശം ഉള്ള മാപ്പ് നൽകണമെന്നും മന്ത്രി കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെട്ടു.
തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പികുളം ഡാമിൽ റൂൾ കർവ് പാലിക്കുന്നതിന് നിർദ്ദേശം നൽകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കേന്ദ്ര ജലകമ്മിഷൻ ചെയർമാനോട് അഭ്യർത്ഥിച്ചു.




