- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നൊരു വാർത്തക്കായി 22 വർഷമായി കാത്തിരിപ്പിൽ; കാണാതായ മകനെയോർത്ത് അമ്മ രോഗിയായി; ദുരിതങ്ങൾക്കിടയിലും വക്കച്ചനും ലീലാമ്മയും ഇന്നും ജീവിക്കുന്നത് റോയി തിരികെ വരുമെന്ന പ്രതീക്ഷയിൽ
നെടുങ്കണ്ടം:കൂട്ടുകാരനൊപ്പം കൃഷിപ്പണിക്കായി 22 വർഷം മുമ്പ് കുടകിലേക്ക് പോയതാണ് നെടുങ്കണ്ടം പൂവത്തിനകുന്നേൽ ജോർജ് ജോസഫ് (വക്കച്ചൻ70), ത്രേസ്യാമ്മ (ലീലാമ്മ 65) എന്നിവരുടെ മകനായ റോയി ജോർജ്ജ്. മകനെ കാണാതായിട്ട് രണ്ട് പതിറ്റാണ് കഴിയുമ്പോഴും വൃദ്ധരായ ഈ മാതാപിതാക്കൾ ഇപ്പോഴും അവൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ്.തന്റെ മകൻ ലോകത്ത് എവിടെയാണെങ്കിലും ജീവനോടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതിയെന്നാണ് റോയിയുടെ അമ്മ ലീലാമ്മയുടെ ഏക ആഗ്രഹം.
കാണാതാകുമ്പോൾ 25 വയസ്സായിരുന്നുറോയിയുടെപ്രായം.കൃഷിപ്പണിക്കായി കുടകിലേക്ക് പോയതാണ് റോയി .അതിന് 4 ദിവസം മുൻപ് കാപ്പിക്കുരുവും കുരുമുളകും വിറ്റ പണം കൃത്യമായി റോയി അപ്പൻ ജോർജിനെ ഏൽപിച്ചിരുന്നു.അത്രക്ക കുടുംബത്തോട് കരുതലുള്ള മകനെക്കുറിച്ച് ഒരു വിവരവും ലഭ്യമാകാതെയായിട്ട് 22 വർഷം പിന്നിടുന്നു.കൂട്ടുകാരനൊപ്പമാണ് റോയി കുടകിൽ കൃഷിക്കായി പോയത്. എന്നാൽ ഒരു വർഷത്തിനുശേഷം കൂട്ടുകാരൻ മടങ്ങിയെത്തിയെങ്കിലും റോയിയുടെ വിവരമൊന്നും അറിയില്ലെന്നും കുടകിലെത്തിയ ശേഷം തങ്ങൾ രണ്ടായി പിരിഞ്ഞെന്ന മറുപടിയാണ് ഇയാളിൽ നിന്നും ലഭിച്ചത്.
മകന്റെ തിരോധാനം ലീലാമ്മയേയും വക്കച്ചനേയും വല്ലാതെ തളർത്തിയിരുന്നു.മകനെ കാണാതായതോടെ ആകെ തകർന്ന ത്രേസ്യാമ്മ രോഗിയായി മാറി.നീണ്ട ചികിത്സയ്ക്കുശേഷമാണ് ഇവർ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.ഇതിനിടെ മയിലാടുംപാറ കാരിത്തോടിൽ പുൽമേടിന് തീപിടിച്ച സമയത്ത് ജോർജിന്റെ വീടിന് തീപിടിച്ചതും ഈ കുടുംബത്തിന്റെ ദുരിതം ഇരട്ടിയാക്കി മാറ്റി.വീടും വീട്ടുപകരണങ്ങളും 250 കിലോ കുരുമുളക്, 400 കിലോ കാപ്പിക്കുരു, 100 കിലോ ചുക്ക്, 8000 രൂപ എന്നിവയും കത്തി നശിച്ചു.റോയിയുടെ ചിത്രങ്ങളും കുടുംബ ആൽബവും കത്തിയമർന്നു.വീട് കത്തിയമർന്നതോടെ കിടപ്പാടം നഷ്ടപ്പെട്ട ഇവർ ഇപ്പോൾ വാടകവീട്ടിലാണ് താമസം.
സഹായത്തിനായി ബന്ധുക്കളോ സ്വന്തക്കാരോ ആരു തന്നെ എത്തിയില്ല.ഇപ്പോൾ കൂലിപ്പണിയെടുത്താണ് വൃദ്ധ ദമ്പതികൾ ജീവിച്ചുപോരുന്നത്. കാണാതായ ശേഷം 2001ൽ 20 ദിവസം കർണാടകയിലെ ചിക്മംഗ്ലൂരിലെ ആശുപത്രിയിൽ റോയി ചികിത്സ തേടിയിരുന്നു എന്ന വിവരത്തെ തുടർന്ന് ജോർജ് അവിടെയെത്തിയെങ്കിലും റോയി ആശുപത്രി വിട്ടതായാണ് അറിഞ്ഞത്.ഇതിനുശേഷം വീടിന് സമീപമുള്ള പലചരക്ക് കടയിലേക്ക് റോയിടെതെന്ന് കരുതുന്ന ഫോൺ വന്നിരുന്നെങ്കിലും മകന്റെ ശബ്ദം കേൾക്കാനായി ജോർജ് ഓടിയെത്തിയെങ്കിലും ഫോൺ കട്ടായിരുന്നു.ആ ഫോൺ കോളടക്കം മകനാണ് വിളിച്ചതെന്ന ഉറപ്പിന്മേൽ ഇന്നും റോയി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ജോർജും ലീലാമ്മയും കഴിയുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ