കണ്ണൂര്‍: ഓടിത്തുടങ്ങിയ ട്രെയിനില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിക്ക് രക്ഷകരായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകീട്ടാണ് യുവതി അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.40നാണ് സംഭവം.

ട്രെയിന്‍ മാറിക്കയറിയതിനെ തുടര്‍ന്ന് തിരിച്ചിറങ്ങുമ്പോള്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലാണ് യുവതി വീണത്. ആ സമയം തൊട്ടടുത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാറും റെനീഷും ചേര്‍ന്ന് യുവതിയെ വലിച്ചെടുത്തു രക്ഷപെടുത്തുകയായിരുന്നു.

എറണാകുളം ഭാഗത്തേക്ക് പോകേണ്ടിയിരുന്ന യുവതി മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ മാറി കയറുകയായിരുന്നു. നീങ്ങി തുടങ്ങിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ മാറിയത് അറിഞ്ഞത്. ഉടന്‍ പുറത്തേക്ക് ചാടിയപ്പോള്‍ പിടിവിട്ടു വീഴുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിയുടെ ജീവന്‍ രക്ഷിച്ച പൊലീസുകാരെ റെയില്‍ മാനേജരും യാത്രക്കാരും അഭിനന്ദിച്ചു.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകീട്ടാണ് യുവതി അപകടത്തില്‍പ്പെട്ടത്.