ആലപ്പുഴ:കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള സംസ്ഥാന വനം വകുപ്പിന്റെ അനുമതി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുമെന്ന് ആർ.പി.ഐ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ആർ.സി.രാജീവ് ദാസ്. തീരുമാനം ഉടൻ പിൻവലിക്കണം. വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും ആർപിഐ നേതാവ് ആവശ്യപ്പെട്ടു.

ജലം കൂടുതൽ വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടർന്ന് യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ൽ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. 2021 ൽ സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വന്നപ്പോൾ യൂക്കാലി ഉൾപ്പെടെയുള്ള മരങ്ങൾ നീക്കം ചെയ്ത് പകരം മാവ്, പ്ലാവ്, കാട്ടുനെല്ലി, വാക, കാട്ടുപുളി തുടങ്ങിയവ നടാനായിരുന്നു നിർദ്ദേശം. ഇതിനു വിരുദ്ധമായിട്ടാണ് തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നടാൻ വനംവകുപ്പ് പച്ചക്കൊടി കാട്ടിയത്. ഇതോടെ നാട്ടിൽ വന്യമൃഗശല്യം രൂക്ഷമാകുമെന്നും രാജീവ് ആരോപിച്ചു.

യൂക്കാലി, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയവയുടെ തോട്ടങ്ങളിൽ അടിക്കാടുകൾ വളരില്ല. ജലം കൂടുതൽ വലിച്ചെടുക്കുന്ന വൃക്ഷങ്ങൾ കാടിനേയും നശിപ്പിക്കും. വരൾച്ച കൂട്ടും. ഇതോടെ വെള്ളവും തീറ്റയും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്നും രാജീവ് വിശദീകരിച്ചു. ഈ സാഹചര്യത്തിൽ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.