കോട്ടക്കൽ ശിവക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് നടത്തിവന്ന ശാഖ ഡിവൈഎഫ്ഐ തടഞ്ഞു. ശാഖയിൽ ആയുധ പരിശീലനമുണ്ടായിരുന്നുവെന്നാരോപിച്ചാണു ഡിവൈഎഫ്ഐ പ്രവർത്തകർ ശാഖയുടെ പ്രവർത്തനം തടഞ്ഞത്. എന്നാൽ ഇവിടെ ആയുധപരിശീലനമുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കോട്ടക്കൽ പൊലീസ് പറഞ്ഞു.

ശാഖയിൽ വ്യായാമം, യോഗ, ദേശഭക്തിഗാനം തുടങ്ങിയവ മാത്രമാണ് നടന്നതെന്നു മറിച്ചുള്ള ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ആർ.എസ്.എസ് കോട്ടക്കൽ സംഘചാലക് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ 30വർഷമായി ഇവിടെ ശാഖ നടന്നുവന്നിരുന്നു. പിന്നീട് കോവിഡ് വന്നതിനു ശേഷം താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. ശേഷം ഈമാസം ഒന്നു മുതാലാണ് ക്ഷേത്ര പരിസരത്ത് ശാഖ ആരംഭിച്ചത്. ഇതിനെ തുടർന്നാണു ഡിവൈഎഫ്ഐ പ്രവർത്തകർ വന്നു തടഞ്ഞത്. സംഭവത്തെ തുടർന്നു പ്രദേശത്ത് ബഹുജനങ്ങളുടെ എതിർപ്പ് ശക്തമായിരുന്നുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.

വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിന്റെ മുറ്റം സാമൂഹ്യ സ്പർദ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും ഇത് മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താൻ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പൊലീസിന് തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ തടയുകയായിരുന്നുവെ്നനാണ് ഇവർ ആരോപിക്കുന്നത്.

തുടർന്ന് ആർ.എസ്.എസ് ശാഖ നിർത്തിവെച്ചു. പൊലീസ് സ്ഥലത്തെത്തി സംഘർഷം ഉണ്ടാകാതിരിക്കാൻ നിർദ്ദേശിക്കുകയും സിഐയുടെ നേതൃത്തത്തിൽ അനുരഞ്ജന ചർച്ച നടത്താൻ തീരുമാനിക്കുകയും ചെയ്തു.